പ്രാർത്ഥനാ യോഗത്തിനു നേരെ അക്രമം

സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലമായ പടാനിൽ

ഛത്തീസ്ഗഡ്: ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരെ തീവ്ര ഹിന്ദു സംഘടനയുടെ അതിക്രമം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മണ്ഡലമായ ദർഗ് ജില്ലയിലെ പടാനിലെ (Patan) അമലേശ്വർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് (ഏപ്രിൽ 30) സംഭവം ഉണ്ടായത്. 7 പേർക്ക് പരുക്കേറ്റു. ഡെന്റൽ ഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാർത്ഥനാ യോഗത്തിനു നേരെയാണു ബജ്റങ് ദൾ പ്രവർത്തകരുടെ അതിക്രമമുണ്ടായത്. മതപരിവർത്തനം ആരോപിച്ചായിരുന്നു കയ്യേറ്റമെന്നു ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നാലാൽ പറഞ്ഞു. ജയ് ശ്രീറാം മുദ്രാവാക്യങ്ങളുമായി എത്തിയ നാൽപ്പതോളം പ്രവർത്തകർ വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. പൈപ്പ് വെള്ളം വീടിനുള്ളിലേക്കു തുറന്നു വിട്ട സംഘം സിസി ടി വി ക്യാമറ നശിപ്പിക്കുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തു. പോലീസിൽ അറിയിച്ചെങ്കിലും അര മണിക്കൂറിനു ശേഷമാണ് എത്തിയത്. അതേസമയം, അനുമതിയില്ലാതെ സംഘം ചേർന്നതിന് വിജയ് സാഹുവിന്റെ ഭാര്യ പ്രീതി സാഹു ഉൾപ്പടെ ഇരുപതോളം വിശ്വാസികളെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും ആരോപണമുണ്ട്. 2021 ലും വിജയ് സാഹുവിന്റെ വീടിനു നേരെ അക്രമം നടന്നിരുന്നു. 2019 മുതൽ വീട്ടിൽ പ്രാർത്ഥന നടത്താറുണ്ടെന്നും ഒരാളെപ്പോലും നിർബന്ധിച്ചു പങ്കെടുപ്പിക്കാറില്ലെന്നും വിജയ് സാഹു വിശദീകരിച്ചു. അതേസമയം, അതിക്രമത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണു വിവരം.
-മലയാള മനോരമ

Previous post പരിശുദ്ധാത്മ നിറവ് അനിവാര്യമോ?
Next post കൺവെൻഷൻ