വചന ചിന്ത

യോപ്പയിലെ പേടമാന്‍ മരിച്ചു!! അടക്കുവാന്‍ കഴിയാത്ത അതീവ ദുഖത്താല്‍ വിധവമാര്‍ അവള്‍ തുന്നിയ ഉടുപ്പുകളും കുപ്പായങ്ങളും എടുത്തുകാട്ടി വിലപിക്കുന്നു…അങ്ങേയറ്റം വേദനാജനകമായിരുന്നു സല്‍പ്രവര്‍ത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്നിരുന്ന തബീഥ എന്ന ശിഷ്യയുടെ മരണം. ശവം കുളിപ്പിച്ച് മാളികമുറിയില്‍ കിടത്തി…കുളിപ്പിച്ച് ശവം കിടത്തി എന്നതിനാല്‍ അടുത്ത ഘട്ടം കല്ലറയിലേക്ക് നീക്കുക എന്നതാണ്. പക്ഷെ കല്ലറയിലേക്ക് എടുക്കുന്നതിന്റെ തൊട്ടുമുന്‍പ് മുട്ടുകുത്തി പ്രാർത്ഥിച്ച ഒരു ക്രിസ്തു ശിഷ്യന്റെ പ്രാര്‍ത്ഥന കാര്യങ്ങളെ ആകെ തിരിച്ചു!! ലുദ്ദ എന്ന സ്ഥലം യോപ്പക്ക് സമീപമാണ്. ലുദ്ദയില്‍ പത്രോസ് ഉണ്ടെന്നുള്ള അറിവ് ലഭിച്ചു. ആളിനെ വിട്ടു പത്രോസിനെ വിളിച്ചുകൊണ്ടുവന്നു. പത്രോസ് തബീഥയുടെ ജഡം കിടത്തിയിരിക്കുന്ന മാളികമുറിയിലേക്ക് പ്രവേശിച്ചു, ആളുകളെ മുഴുവന്‍ പുറത്താക്കി. മുട്ടുകുത്തി പ്രാർത്ഥിച്ചു. ശവത്തിനു നേരെ തിരിഞ്ഞു (അപ്പോ. 9:40)!! പ്രാർത്ഥനക്കു ശേഷം മാത്രം ശവത്തിനു നേരെ തിരിയുക. ശവത്തിനു നേരെ തിരിഞ്ഞു ഉയിര്‍ക്കട്ടെ എന്ന് കല്പിക്കുവാന്‍ നമുക്കൊക്കെ ഏറെ താല്പര്യമാണ്. പക്ഷെ കല്പിക്കുന്നതിനു മുന്‍പ് മുട്ടുകുത്തി പ്രാർത്ഥിക്കുവാന്‍ നാം മറക്കരുത്.

നമ്മുടെ വിഷയങ്ങൾ, പ്രശ്നങ്ങൾ, പ്രതിസന്ധികള്‍ എത്ര തീവ്രമാകട്ടെ…പ്രതീക്ഷകള്‍ എല്ലാം അസ്തമിക്കട്ടെ…തിരികെ വരുവാനുള്ള സാധ്യതകള്‍ എല്ലാം കെട്ടടങ്ങട്ടെ…വിഷയങ്ങള്‍ കൈവിട്ടുപോയി നിശ്ചലമാകട്ടെ…കണ്ണടഞ്ഞുപോയ വിഷയത്തെ മുന്നില്‍ കിടത്തി മുട്ടികുത്തി പ്രാർത്ഥിച്ചാല്‍ മരണം അപഹരിച്ചത് നീ തിരികെ പിടിക്കും!! മുട്ടുകുത്തി പ്രാർത്ഥിച്ചു സ്വര്‍ഗ്ഗത്തില്‍ നിന്നും കല്പിക്കുവാനുള്ള നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞാല്‍ ശവത്തിനു (വിഷയങ്ങൾ/പ്രശ്നങ്ങൾ) നേരെ തിരിയാം…മരണപ്പെട്ടത് (പ്രതീക്ഷയറ്റു പോയത്) നിസ്സാരമായി എഴുന്നേറ്റുവരും!! “മുട്ടുകുത്തി പ്രാർത്ഥിച്ചു, ശവത്തിനു നേരെ തിരിഞ്ഞു”(അപ്പോ. 9:40).

ഗത്സമനയിലെ പ്രാര്‍ത്ഥനാവേളയില്‍ ഉറങ്ങിപ്പോയ പത്രോസ്, മര്‍ക്കോസിന്റെ മാളിക മുറിവഴി കയറിയിറങ്ങിയപ്പോള്‍ തിരിച്ചറിഞ്ഞു, പ്രാർത്ഥനയാണ് കാര്യങ്ങളെ തിരിക്കുന്നത്…അടഞ്ഞ കാരാഗ്രഹ വാതിലുകള്‍ ആകട്ടെ, കൈമേല്‍ ബന്ധിച്ച ചങ്ങല ആകട്ടെ, മാളികമുറിയിലെ തബീഥയുടെ ശവമാകട്ടെ; പ്രാര്‍ത്ഥന കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യും!! മാളികമുറിയില്‍ കയറൂ, എല്ലാവരെയും പുറത്താക്കൂ, മുട്ടുകുത്തി പ്രാർത്ഥിക്കൂ, ശവത്തിനു നേരെ തിരിഞ്ഞു എഴുന്നേറ്റുവരുവാന്‍ കല്‍പ്പിക്കൂ. ഉറക്കത്തില്‍ നിന്നെന്നപോലെ നിന്‍റെ കണ്ണടഞ്ഞ പ്രശ്നം എഴുന്നേറ്റുവരും!! കണ്ണടഞ്ഞുപോയ വിഷയങ്ങളുമായി മറ്റെല്ലാവരെയും പുറത്താക്കി നീ ഏകനായി മാളികമുറിയില്‍ കയറി മുട്ടുകുത്തി പ്രാർത്ഥിക്കുക. അസാധ്യതകള്‍ നിനക്കു മുന്‍പില്‍ വഴിമാറും. അടഞ്ഞുപോയ വഴികള്‍ തുറന്നുവരും. നിശ്ചലമായവ ചലനാത്മകമാകും. അടക്കം ചെയ്യുവാന്‍ ഒരുക്കിയ കല്ലറ തിരികെ കൊടുത്തുകൊണ്ട് നിന്‍റെ പ്രാർത്ഥനാമുറിയില്‍ സകലതും കീഴ്മേല്‍ മറിയും!! മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിനു നേരെ തിരിയുക…മരണപ്പെട്ടത് നിസ്സാരമായി എഴുന്നേറ്റുവരും!!

Previous post കൺവെൻഷൻ
Next post മണിപ്പൂർ കലാപം