വചന ചിന്ത

ദൈവം ആവശ്യപ്പെടുമ്പോള്‍ ദൈവത്തിന്റെ വടിയെടുക്കും…ജനം ആര്‍ക്കുമ്പോള്‍ ഭാഷ വരുത്തുന്ന കൊത്തുളിയെടുക്കും…വടിയും ഉളിയുമായി ജനത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന അഹരോന്‍!! ദൈവത്തിന്റെ വടിയും ഭാഷവരുത്തുന്ന ഉളിയും മാറിമാറി അവസരത്തിനൊത്തു പ്രയോഗിക്കുന്ന അഹരോന്റെ ആത്മീക മെയ് വഴക്കം അങ്ങേയറ്റം അപകടകരമാണ്!!

മോശെ പര്‍വ്വതമുകളില്‍ ദൈവസാനിധ്യത്തില്‍ തുടരവേ, മോശെയുടെ താമസം ജനത്തെ ആശങ്കയിലാക്കി…അവരെല്ലാംകൂടി അഹരോനെ സമീപിച്ചു, കയറിപ്പോയ മോശെക്കു എന്ത് ഭവിച്ചു എന്നറിയില്ല, ആയതിനാല്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ നടക്കുവാന്‍ ഒരു ദൈവത്തെ ഉണ്ടാക്കി തരിക!!
മിസ്രയീമ്യ സര്‍പ്പങ്ങളെ വിഴുങ്ങിക്കളയുന്ന, അത്ഭുതങ്ങള്‍ രചിക്കുന്ന അസാധാരണ വടിയുമായി മോശെക്കു പ്രവാചകനായി ദൈവം നിയമിച്ചാക്കിയ അഹരോന്റെ കൈവശം ദൈവത്തിന്റെ വടി മാത്രമായിരുന്നില്ല, രഹസ്യത്തില്‍ ഒരു കൊത്തുളിയും താന്‍ കൈവശം കരുതിയിരുന്നു.!!

മുന്‍പില്‍ നടക്കാന്‍ ഒരു ദൈവത്തെ തരൂ, എന്ന് ജനം ആര്‍ക്കുമ്പോള്‍ ദൈവത്തിന്റെ വടി മാറ്റിവച്ചുകൊണ്ട് അഹരോന്‍ തന്റെ കൊത്തുളി കയ്യില്‍ എടുത്തു. ജനത്തിന്റെ കാതുകളില്‍ നിന്നും പറിച്ചെടുത്ത പൊന്‍കുണുക്കുകളില്‍ തന്റെ കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി ജനത്തിനു കൈമാറി!! (പുറപ്പാട് 32 :4 ).

ദൈവത്തിന്റെ വടി ദൈവനാമത്തിനായും രഹസ്യത്തില്‍ സൂക്ഷിച്ച കൊത്തുളി ജനത്തെ സന്തോഷിപ്പിക്കുവാനും!!

ദൈവത്തിന്റെ വടിയും അഹരോന്റെ ഉളിയും താന്‍ പിന്തുടരുന്ന ആത്മീക ഇരട്ടതാപ്പുകളുടെ പ്രതീകങ്ങള്‍ ആണ്…ദൈവം ആവശ്യപ്പെട്ടാല്‍ വടിയും ജനം ആവശ്യപ്പെട്ടാല്‍ ഉളിയും പ്രയോഗിക്കുന്ന ലവോദിക്യന്‍ നിലപാടുകള്‍!!

ശക്തമായി ഒരുവശത്ത്‌ ദൈവത്തിന്റെ നാവായി തിളങ്ങിനില്‍ക്കുകയും ദൈവത്തിന്റെ വടികൊണ്ട് അസാധാരണമായ അത്ഭുതങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ തന്നെ, മറുവശത്ത്‌ ജനത്തെ പ്രസാദിപ്പിക്കുവാന്‍ കൊത്തുളിപ്രയോഗം നടത്തി കാളക്കുട്ടിയെ നിര്‍മ്മിക്കുന്ന അഹരോന്യ അപനിര്‍മ്മാണങ്ങള്‍ ജനത്തെ ഒരു വലിയ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്!!

ഒന്നുകില്‍ ദൈവത്തിന്റെ വടിയുമായി സഞ്ചരിക്കുക, ഭാഷവരുത്തുന്ന കൊത്തുളി വലിച്ചെറിയുക…അല്ലെങ്കില്‍ ജനത്തെ പ്രസാദിപ്പിക്കുന്ന കൊത്തുളിയുമായി തുടരുക, ദൈവത്തിന്‍റെ വടി ഉപേക്ഷിക്കുക…ഉളിയും വടിയും മാറിമാറി അവസരത്തിന് അനുസരിച്ച് ഉപയോഗിക്കുന്ന കപട പരീശത്വം, കാര്യമറിയാത്ത ഒരുകൂട്ടം ജനത്തെ നിത്യനരകത്തിനു എൽപ്പിച്ചുകൊടുക്കുന്നതാണ്.!!

ദൈവത്തെ ഉണ്ടാക്കിത്തരിക എന്ന് ജനം ആര്‍ത്തപ്പോൾ, ഞാന്‍ ദൈവത്തിന്റെ പ്രവാചകന്‍ ആണെന്നും എന്‍റെ കൈവശം ദൈവത്തിന്റെ വടിയല്ലാതെ ഭാഷ വരുത്തുന്ന കൊത്തുളി ഇല്ല എന്ന് പറഞ്ഞു അവരില്‍ നിന്നും ഒഴുഞ്ഞുമാറി ദൈവത്തോടൊപ്പം ചേര്‍ന്നുനില്ക്കാമായിരുന്നു!!

യഹോവയുടെ പക്ഷത്തുള്ളവന്‍ മാറിനില്‍ക്കട്ടെ…പരസ്യമായി ദൈവത്തിന്റെ വടിയും രഹസ്യത്തില്‍ അരയില്‍ തിരുകിയൊളിപ്പിച്ച കൊത്തുളിയുമായി ജനത്തെ കെട്ടഴിച്ചുവിടുന്ന അഹരോന്യ നിലപാടുകളില്‍ നിന്നും യഹോവയുടെ പക്ഷത്തുള്ളവന്‍ മാറിനില്‍ക്കട്ടെ!!

ഭാഷവരുത്തുന്ന കൊത്തുളിപ്രയോഗത്താല്‍ ജനത്തെ കെട്ടഴിച്ചുവിടുന്ന കുടിലതകലൾക്കെതിരെ പൌലോസ് ചോദിക്കുന്നു; ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ പ്രസാദിപ്പിക്കുന്നത്? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കില്ല’ (ഗലാത്യര്‍ 1:10).

Previous post ഐക്യദാർഢ്യ സംഗമവും റാലിയും
Next post മണിപ്പൂർ കലാപത്തെ അപലപിച്ച് അമേരിക്ക