പുതുവത്സര സന്ദേശം: പാസ്റ്റർ മാത്യൂസ് ഇട്ടി

“ഞാൻ സാക്ഷാൽ മുന്തിരി വള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു….”(യോഹ.15:1-5; യെശ.5: 1-6). ജീവിതത്തിലെ കൂർത്ത് മൂർത്ത അനുഭവങ്ങൾ മാറാൻ നാം ചില പരിശോധനകളിലൂടെ കടന്നുപോകേണ്ടിവരും. പർവ്വതത്തിന്റെ മുകളിലിരുന്ന ഒരു കല്ല് ഒരു പവിഴമായിത്തീർന്ന ഒരു കഥയുണ്ട്. ഒരിക്കൽ ശക്തമായി പെയ്ത മഴയിൽ ആ കല്ല് പർവ്വതത്തിൽ നിന്നും താഴേക്ക് പതിച്ചു. വീണ്ടും പെയ്ത മഴയിലും മലവെള്ളപ്പാച്ചിലിലുംപെട്ട് ഉരുണ്ടുരുണ്ടും മറ്റനേകം വലിയ കല്ലുകളിൽ തട്ടിയും മുട്ടിയും ഒഴുകി ഒഴുകി ഒരു പുഴയിലെത്തി. അവിടെയും മറ്റു കല്ലുകളുടെ ഉരസലുകളേറ്റ് ആ കല്ലിന്റെ കൂർത്തതും പരുപരുത്തതുമായ ഭാഗങ്ങൾക്ക് തേയ്മാനം ഉണ്ടായി… നല്ല മിനുസമുള്ളതായി. രൂപമാറ്റം വന്ന് കാണാൻ ഭംഗിയുള്ള ഒരു പ്രത്യേക തരം കല്ലായി മാറി. പിന്നെയും ഒഴുകി ഒഴുകി ആ കല്ല് നടുക്കടലിലെത്തി. ഒടുവിൽ മീൻ പിടുത്തക്കാരന്റെ വലയിൽ അകപ്പെട്ട ഈ കല്ല് അവർക്ക് ഒരു പവിഴമായി തോന്നി…. ഇതാണ് കഥയുടെ ചുരുക്കം. ഇവിടെ ആ കല്ല് ഇത്ര ഭംഗിയുള്ളതായി അഥവാ പവിഴമായി/മുത്തായി തോന്നിയതിന്റെ കാരണം കല്ലിനുണ്ടായ പരിശോധനയും വേദനയുമാണ്. ദീർഘ വർഷങ്ങളോളം അതിശക്തമായ മലവെള്ളപ്പാച്ചിലിലും ഒഴുക്കിലും കല്ലിനു നേരിടേണ്ടി വന്ന മറ്റു കല്ലുകളുമായിട്ടുള്ള നിരന്തരമായ ഉരസലുകളുടെ അനന്തരഫലമായിരുന്നു കാണാൻ ഭംഗിയുള്ളതും വിലപിടിപ്പുള്ളതുമായ പവിഴമാക്കിയത്. തട്ടും മുട്ടുമേറ്റ് അനേക നാളുകൾ സഹിക്കേണ്ടി വന്ന പരിശോധനയുടെയും വേദനയുടെയും ഗുണവും ഫലവും !! മുന്തിരിവള്ളിയിലെ കൊമ്പുകളാണ് ദൈവമക്കൾ. അവർ അധികം ഫലം കായ്ക്കുന്നവരാകണമെന്നതാണ് ദൈവത്തിന്റെ ഹിതം. കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കും. കായ്ക്കാത്ത കൊമ്പുകളെ കർത്താവ് നീക്കിക്കളയും. നമുക്ക് ക്രിസ്തുവാകുന്ന മുന്തിരി വള്ളിയിൽ വസിച്ച് വളരെ ഫലം കായ്ക്കുന്നവരാകാം. ക്രിസ്തീയ ജീവിതത്തിൽ പലഘട്ടങ്ങളിലും വിവിധ പരിശോധനകളിലൂടെയോ വേദനകളിലൂടെയോ കഷ്ടതകളിലൂടെയോ കടന്നുപോകേണ്ടിവന്നേക്കാം. അതൊക്കെയും അധികം ഫലം പുറപ്പെടുവിക്കുന്നതിനു വേണ്ടിയാണ് എന്ന് വചന വെളിച്ചത്തിൽ നാം തിരിച്ചറിയണം. നമ്മെ ചെത്തി വെടിപ്പാക്കുന്ന അനുഭവങ്ങളാണ് അതൊക്കെയും. 2020-ൽ നമുക്ക് നേരിടേണ്ടി വന്ന വ്യത്യസ്തങ്ങളായ പരീക്ഷകളും വേദനകളും കൊവിഡ് 19 മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളുമെല്ലാം ദൈവത്തിനു വേണ്ടി അധികം ഫലം കായ്ക്കുന്നതിനു നിദാനമാകട്ടെ. അതോടൊപ്പം നിത്യജീവിതത്തിൽ അനുഷ്ഠിക്കേണ്ട 7 കാര്യങ്ങൾ കൂടി നാം പാലിക്കുന്നവരാകണം. (ഗലാത്യർ 6:1-14)

1.സൗമ്യതയുള്ളവരായിരിക്കുക

2. തമ്മിൽ തമ്മിൽ ഭാരങ്ങൾ ചുമക്കുക 3. എപ്പോഴും ശോധന ചെയ്യുക 4. താന്താന്റെ ചുമട് ചുമക്കുക (ദൈവം ഓരോരുത്തരിലും ഏൽപ്പിച്ചിരിക്കുന്ന താലന്തുകൾ/ശുശ്രൂഷകൾ) 5. ആത്മാവിൽ വിതയ്ക്കുക 6. എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്ക് നന്മ ചെയ്യുക 7. യേശുക്രിസ്തുവിന്റെ ക്രൂശിൽ പ്രശംസിക്കുക.

ഈ ഏഴ് കാര്യങ്ങൾ ആത്മീയ ജീവിതത്തിൽ പാലിച്ചുകൊണ്ട് 2021 എന്ന പുതിയ വർഷത്തിൽ അധികം ഫലം കായ്ക്കുവാൻ ‘സാക്ഷാൽ മുന്തിരി വള്ളി’യായ കർത്താവ് നമ്മെ എല്ലാവരെയും ഒരുക്കട്ടെ. ദൈവിക അനുഗ്രഹങ്ങളുടെയും സമാധാനത്തിന്റെയും ഒരു പുതിയ വർഷം ആശംസിക്കുന്നു.

Previous post Happy New Year
Next post കൊവിഡ് 19: ഇന്ത്യയിൽ വാക്സിനുകൾക്ക് അനുമതി