കോട്ടയം: ലോകത്തിൽ ശ്രദ്ധിച്ചു നോക്കുവാൻ യോഗ്യനായിരിക്കുന്നത് യേശുക്രിസ്തു മാത്രമാണെന്ന് പാസ്റ്റർ മാത്യൂസ് ഇട്ടി. കോട്ടയം ഇല്ലിവളവ് ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ഹാളിൽ ആരംഭിച്ച ഉപവാസ പ്രാർത്ഥനയുടെ ആദ്യ സെഷനിൽ എബ്രായർ 2:10-18; 3:1 എന്നീ വേദഭാഗങ്ങളെ ആധാരമാക്കി വചനം ശുശ്രൂഷിക്കുകയായിരുന്നു അദ്ദേഹം. നോക്കുക, ശ്രദ്ധിച്ചു നോക്കുക എന്നീ പദങ്ങൾക്കു വ്യത്യസ്ത അർത്ഥങ്ങളാണുള്ളത്. പ്രത്യേകതകൾ ഉള്ളതിനെയാണല്ലോ നാം ശ്രദ്ധിച്ചു നോക്കാറുള്ളത്. അപ്രകാരം ലോകത്തിൽ ശ്രദ്ധിച്ചു നോക്കുവാൻ ഏറ്റവും യോഗ്യനായിരിക്കുന്നത് കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു മാത്രമാണ്. കാരണം യേശു എല്ലാറ്റിന്റെയും കാരണഭൂതനാണ്, സകലത്തെയും ഉളവാക്കിയവനാണ്, മരണഭീതിയിൽ നിന്നു വിടുവിക്കുന്നവനാണ്, നമ്മെ സംരക്ഷണ ചെയ്യുന്നവനാണ്, സഹായിപ്പാൻ കഴിവുള്ളവനാണ്- അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും പാസ്റ്റർ വർഗീസ് പി.ജോസഫ് നേതൃത്വം നൽകി. സ്നാനം, കർത്തൃമേശ എന്നിവയോടുകൂടി 26-ന് നടക്കുന്ന സംയുക്ത സഭാ യോഗത്തോടെ സമാപിക്കും.
