ദൈവ ശബ്ദം ഏറ്റെടുക്കുക

ഏപ്രിൽ 23-ന് കോട്ടയം വേളൂരിൽ നടന്ന ഐ.ആർ.എ മാസയോഗത്തിൽ പാസ്റ്റർ മാത്യൂസ് ഇട്ടി നൽകിയ വചന സന്ദേശം

കാൽവറിയാകുന്ന ചക്കിനരികെ അഥവാ കാൽവറിയെ സാക്ഷി നിർത്തിയുള്ള പ്രവർത്തനവും ശുശ്രൂഷയുമാണ് നാം ചെയ്യുന്നതെങ്കിൽ നിശ്ചയമായും ബന്ധനത്തിൽ കിടക്കുന്നവരെ വിടുവിച്ച് സ്വതന്ത്രരാക്കുവാൻ കഴിയും

‘അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയ്യിൽ നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത് എന്നു പറഞ്ഞു’ (ന്യായാ.6:14).

ങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ച മിദ്യാന്യർ നിമിത്തം യിസ്രായേൽ ജനം പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി, ശത്രുക്കളെ ഭയന്ന്, വളരെ ഞെരുക്കത്തോടെ ഒളിവിൽ കഴിയുന്ന കാലം (ന്യായാ.6:1-6). അപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ തന്റെ ഗോതമ്പ് മിദ്യാന്യരുടെ കൈയ്യിൽ പെടാതിരിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെ വച്ചു മെതിക്കുകയായിരുന്നു (6:11). ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം; എന്തുകൊണ്ടാണ് മുന്തിരിച്ചാറ് അഥവാ മുന്തിരി വീഞ്ഞ് ആട്ടിയെടുക്കുന്ന (ചവിട്ടിയെടുക്കുന്ന) മുന്തിരിച്ചക്കിനു സമീപത്തു വച്ച് ഗിദെയോൻ ഗോതമ്പ് മെതിക്കുന്നത്? മുന്തിരി മെതിച്ചെടുക്കുകയല്ല, മറിച്ച് ചക്കിലിട്ട് ആട്ടി ചാറെടുക്കുകയാണല്ലോ. എന്നാൽ ഗോതമ്പ്, യവം തുടങ്ങിയ ധാന്യ മണികൾ ചവിട്ടിമെതിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് വ്യത്യസ്തമായ രണ്ടു പ്രക്രിയയാണ്. മുന്തിരിച്ചക്കിനരികെ വച്ച് ഗിദെയോൻ ഗോതമ്പ് മെതിക്കുന്നത് വലിയൊരു ആത്മീയ സന്ദേശമാണ് നമുക്കു നൽകുന്നത്. അത് മറ്റൊന്നുമല്ല; യേശു കർത്താവ് മരണം വരിച്ച കാൽവറിയെയാണ് ഈ മുന്തിരിച്ചക്ക് വെളിപ്പെടുത്തുന്നത്. ക്രൂശ് മരണത്തിനു മുമ്പ് പ്രാർത്ഥിക്കാനായി കർത്താവ് പോയത് ഗെത്ശെമന എന്ന തോട്ടത്തിലായിരുന്നു. ചക്ക് (എണ്ണച്ചക്ക്) എന്നാണ് ഗെത്ശെമന എന്നതിന് അർത്ഥം. കർത്താവായ യേശുക്രിസ്തു ഗെത്ശെമന എന്ന ചക്കിൽ കൂടി കടന്നുപോയി തന്റെ രക്തം മുഴുവനുമായി ഊറ്റിയെടുത്തു, ആ രക്തം നമ്മുടെ പാപത്തിന്റെ പരിഹാരത്തിനു വേണ്ടി മറുവിലയായി കൊടുത്ത് നമ്മെ രക്ഷയിലേക്കു കൊണ്ടുവന്നു. ദൈവസഭയുടെ ജനനമാണ് ഗെത്ശെമനയിൽ കൂടി കാൽവറിയിൽ ദൃശ്യമാകുന്നത്. ഒരു ജനനത്തിനു വഴിയൊരുക്കിയ ഒരു മരണം! യേശുക്രിസ്തുവിന്റെ കാൽവറി ക്രൂശിലെ മരണത്തിലൂടെ ഒരു സന്തതി ജനിക്കുകയായിരുന്നു! ആ സന്തതി ദൈവസഭയാണ്. മുന്തിരിച്ചക്കിനരികെ വച്ചു ഗോതമ്പ് മെതിച്ചുകൊണ്ടിരുന്ന ഗിദെയോനോട് യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ട്: ‘അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടു കൂടെ ഉണ്ട് ‘ എന്നു പറഞ്ഞു (6:12). നമ്മുടെ ശുശ്രൂഷ യേശുവിന്റെ കാൽവറിയോടു ചേർന്നുള്ളതാണെങ്കിൽ അത് ആത്മാക്കളുടെ രക്ഷയ്ക്കും വിടുതലിനും അനുഗ്രഹത്തിനും കാരണമായിത്തീരും. ആ ആത്മീയ സന്ദേശമാണു 6:14-ാം വാക്യം വിളിച്ചറിയിക്കുന്നത്. ‘അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയ്യിൽ നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത് എന്നു പറഞ്ഞു’. ദൈവം ഗിദെയോനെ ധൈര്യപ്പെടുത്തി ശുശ്രൂഷയ്ക്കായി നിയോഗിക്കുന്നതുമാണ് ഈ വാക്യത്തിൽ കാണുവാൻ കഴിയുന്നത്. ഈ ദൈവശബ്ദം ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങുകയാണ്. കാൽവറിയാകുന്ന ചക്കിനരികെ അഥവാ കാൽവറിയെ സാക്ഷി നിർത്തിയുള്ള പ്രവർത്തനവും ശുശ്രൂഷയുമാണ് നാം ചെയ്യുന്നതെങ്കിൽ നിശ്ചയമായും ബന്ധനത്തിൽ കിടക്കുന്നവരെ വിടുവിച്ച് സ്വതന്ത്രരാക്കുവാൻ കഴിയും. കർത്താവിന്റെ ശബ്ദം ഏറ്റെടുത്ത് കാൽവറിയോടു ചേർന്ന് ശുശ്രൂഷ ആരംഭിക്കുന്നുവെങ്കിൽ നമ്മുടെ ദേശത്ത് വലിയൊരു കൂട്ടത്തെ ദൈവം എഴുന്നേല്പിച്ചു തരും. പാപം, രോഗം, പാരമ്പര്യം തുടങ്ങി വിവിധ ബന്ധനങ്ങളിൽ കിടക്കുന്നവരെ അഴിച്ചു കൊണ്ടുവന്ന് ദൈവസഭയ്ക്കും ദൈവരാജ്യത്തിനും കൊള്ളാവുന്ന വലിയ യോദ്ധാക്കളാക്കി മാറ്റുന്ന ഒരു വലിയ ശുശ്രൂഷ നമുക്കു മുമ്പിലുണ്ട്. അത് ഏറ്റെടുക്കുവാൻ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കാം, ഈ വചനം എല്ലാവരുടെയും ജീവിതത്തിൽ അന്വർത്ഥമായി തീരട്ടെ.

Previous post ജനറൽ കൺവൻഷൻ
Next post മാസയോഗം