വിദേശ ഫണ്ട് ലൈസൻസ് പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: നൊബേൽ സമ്മാന ജേതാവായ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്കുള്ള എഫ്‌സിആർഎ ലൈസൻസ്  പുനഃസ്ഥാപിച്ചു. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു. ഇനി വിദേശ ഫണ്ട് സ്വീകരിക്കാം. രജിസ്ട്രേഷൻ നിലച്ച ആറായിരത്തോളം എൻജിഒ-കളുടെ പട്ടികയിൽ നിന്ന് മിഷനറീസ് ഓഫ് ചാരിറ്റിയെ ഒഴിവാക്കി. കൊൽക്കത്ത ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നതിനുള്ള അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിസംബർ 25-ന് നിരസിച്ചതിനെ തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റി അടക്കം 6,000 സ്ഥാപനങ്ങളുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസൻസ് പുതുക്കുന്നത് ആഭ്യന്തര മന്ത്രാലയം തടഞ്ഞിരുന്നു. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) രജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ ചില പ്രതികൂലമായ ഇൻപുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് മീഷനറീസ് ഓഫ് ചാരിറ്റിയുടെ FCRA രജിസ്ട്രേഷൻ പുതുക്കുന്നത് മരവിപ്പിച്ചത് എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

Previous post ഇവാ.ജോസഫ് മാത്യു കർത്തൃസന്നിയിൽ
Next post അപ്കോൺ കൺവൻഷൻ