പള്ളിക്കു മുകളിൽ കാവിക്കൊടികൾ

ജാബുവ: ക്രിസ്ത്യൻ പള്ളികളിൽ അതിക്രമിച്ചു കയറി കാവി പതാകകൾ സ്ഥാപിച്ച് തീവ്ര ഹിന്ദുത്വവാദികൾ. മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. പള്ളികൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൽ കാവിക്കൊടികൾ നാട്ടുകയായിരുന്നു. നാല് യുവാക്കൾ പള്ളിയുടെ മുകളിൽ കയറുകയും കുരിശിൽ കാവി പതാക നാട്ടുകയും ചെയ്തപ്പോൾ ജനക്കൂട്ടം വിജയാഹ്ലാദം പ്രകടിപ്പിച്ചു. ‘ജയ് ശ്രീറാം’ എന്നെഴുതിയിരിക്കുന്ന പതാകയിൽ ഹനുമാന്റെ ചിത്രവുമുണ്ട്. പ്രദേശത്തെ ക്രിസ്ത്യൻ ആദിവാസികൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

ഒഡിഷയിൽ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെയും വലതുപക്ഷ സംഘടനയായ ബജ്‌റംഗ് ദളിലെ അംഗങ്ങൾ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ 25-ാം വാർഷികത്തിലാണ് (1999 ജനുവരി 22) ഈ സംഭവം.

കോൺഗ്രസ് നേതാവും മുൻ എംപിയുമായ ദിഗ്‌വിജയ് സിംഗ് സംഭവത്തിന്റെ ഫോട്ടോ എക്‌സിൽ (മുൻ ട്വിറ്റർ) പങ്കിട്ടു. ഝബുവ ജില്ലാ പോലീസ് മേധാവിയോടും മുഖ്യമന്ത്രി മോഹൻ യാദവിനോടും പള്ളിക്ക് മുകളിൽ പതാക നാട്ടിയവരെ അറസ്റ്റ് ചെയ്യുമോയെന്നും ഏതെങ്കിലും മതസ്ഥലത്ത് നിർബന്ധിതമായി പതാക സ്ഥാപിക്കുന്നത് നിയമപ്രകാരം കുറ്റമല്ലേ എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ചോദിച്ചു. സിംഗിന്റെ ട്വീറ്റിനോട് പോലീസും സർക്കാരും ഇതുവരെ പ്രതികരിക്കാനോ സംഭവങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാനോ തയ്യാറായിട്ടില്ല.

Previous post കൺവൻഷൻ
Next post കൺവൻഷൻ