വചന ധ്യാനം

ന്നലെകളിലെ കൊട്ടാരവാസത്തിന്റെ നിലവിലെ ഏക അവശേഷിപ്പ്, ഒരു പക്ഷെ ഈ കാലില്‍ കിടക്കുന്ന കൊട്ടാരംവക ചെരുപ്പാകാം… “ഞാന്‍ പണ്ട് കൊട്ടാരത്തില്‍ നാല്‍പ്പതു ആണ്ടുകള്‍ ഒരു രാജകുമാരനായിരുന്നു” എന്ന് മോശെ, ഇപ്പോള്‍ അമ്മാവിയപ്പന്റെ ആടുകളോടൊപ്പം നിന്നുകൊണ്ട് ആരോടെങ്കിലും പറഞ്ഞാല്‍ അത് കേള്‍വിക്കാരന് കേവലം ബഡായി പറച്ചിലായി മാത്രം തോന്നും!

അങ്ങനെ ഉള്ള ഘട്ടത്തില്‍ കേള്‍വിക്കാരന്റെ മുന്നില്‍ പഴയ കൊട്ടാര വാസത്തിന്റെ തെളിവായി കാണിക്കുവാനുള്ള ഏക അവശേഷിപ്പ് ഇപ്പോള്‍ ഈ കാലിലെ ചെരുപ്പ് മാത്രമാണ്!

ഈ ചെരുപ്പുമായി ഹോരെബിലെ അസാധാരണ കാഴ്ച്ച കാണുവാന്‍ പര്‍വ്വതം കയറുവാന്‍ തുടങ്ങവെ ദൈവത്തിന്റെ കല്‍പ്പന: ഇങ്ങോട്ട് അടുക്കരുത്; ഇത് വിശുദ്ധ ഭൂമി ആകയാല്‍ കാലിലെ ചെരുപ്പഴിച്ചു കളക…

ഇനിയും അവശേഷിക്കുന്ന ചിലതും കൂടെ ഉപേക്ഷിക്കുന്നതുവരെ അതിമഹത്തായ ദൈവീക കാഴ്ചകള്‍ തടയപ്പെട്ടിരിക്കും..!
ഭാവിയില്‍ ഒരു പ്രതിസന്ധി വന്നാല്‍ പ്രയോഗിക്കുവാന്‍ പാകത്തില്‍ ഇപ്പോഴും വിട്ടുകളയാതെ ചേര്‍ത്തു വച്ചിരിക്കുന്ന പൂര്‍വ്വകാലത്തിലെ ചില അവശേഷിപ്പുകള്‍ ഊരി എറിഞ്ഞു കളയുന്നതുവരെ ദൈവീക ഇടപെടലുകള്‍ തടയപ്പെട്ടിരിക്കും…!

കാരണമില്ലാത്ത ചില കാലതാമാസങ്ങള്‍, ന്യായമായും സംഭവിക്കേണ്ട ദൈവപ്രവര്‍ത്തികള്‍, മറയപ്പെട്ടിരിക്കുന്ന ചില ദൈവീക ഇടപെടലുകള്‍, നിയോഗങ്ങളുടെ പൂര്‍ണ്ണതയിലേക്ക് സഞ്ചരിക്കുവാന്‍ സാധ്യമാകാത്ത തടസ്സങ്ങള്‍….ഇവക്കൊക്കെ പിറകില്‍ നമ്മുടെ നിരീക്ഷണത്തില്‍ നിസാരമെന്നു തോന്നുന്ന, ഉപേക്ഷിക്കുവാന്‍ മനസില്ലാതെ നമ്മോടു ചേര്‍ത്തു ബന്ധിച്ചിരിക്കുന്ന എന്തെങ്കിലും ഒക്കെ ഉണ്ടാകും..!

ആ ചെരിപ്പുംകൂടെ എറിഞ്ഞുകളക..!!

ഇന്നലകളിലെ മുഴുവന്‍ അവശേഷിപ്പുകളും നമ്മില്‍ നിന്നും ഊരിയെറിയപ്പെട്ടു എന്ന് ദൈവത്തിനു ബോധ്യമാകുന്ന ഘട്ടത്തില്‍ അവിടുന്ന് സംസാരിച്ചു തുടങ്ങും; എന്‍റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു, കണ്ടു…അവരുടെ നിലവിളി ഞാന്‍ കേട്ടു…അവരുടെ സങ്കടങ്ങള്‍ ഞാന്‍ അറിയുന്നു!!

Previous post ചൈനയിൽ നിഗൂഢ രോഗം
Next post കൺവൻഷൻ