വചന ചിന്ത

രാജാവറിഞ്ഞാല്‍ തല പോകും….കഠിനമായ ശിക്ഷ വരുമെന്നറിഞ്ഞിട്ടും രാഹാബ് എന്നവള്‍ അവളുടെ വീട്ടിന്മുകളില്‍ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ശിത്തീമില്‍ നിന്നും യോശുവ അയച്ച രണ്ടു ദൂതന്മാരെ രാത്രി മുഴുവൻ സംരക്ഷിച്ചു…ശേഷം പുലര്‍ച്ചയില്‍ കോട്ടമതില്‍ന്മേലുള്ള അവളുടെ വീട്ടില്‍ നിന്നും കിളിവാതില്‍ വഴിയായി കയറുകെട്ടി ഇറക്കിവിട്ടു….!!(യോശുവ 2:15). ആ കിളിവാതില്‍ക്കല്‍ ഇപ്പോള്‍ കയറില്ല, പകരം ഒരു ചുവുപ്പു ചരടു കെട്ടിയിരിക്കുന്നു!! കയറിലൂടെ കൊടുത്തു ചരടിലൂടെ തിരികെ പ്രാപിക്കുന്ന അസാധാരണ പ്രതിഭാസം.!!

ഇന്നലെകളില്‍ ഒട്ടും അനുകൂലമല്ലാത്ത പരിതസ്ഥിതിയില്‍ കിളിവാതില്‍ക്കല്‍ കയറുകെട്ടി ദൈവീകമായ ചിലതിനൊക്കെ പങ്കാളിത്തം വഹിച്ചെങ്കില്‍ നാളെകളില്‍ നീ കെട്ടിയ ചുവപ്പു ചരടിലൂടെ തിരികെ ഒരു ദൈവീക മറുപടി നിശ്ചയമായും സ്വീകരിക്കും!! കിളിവാതില്‍ക്കലെ ചുവപ്പു ചരട് തിരികെ പ്രാപിക്കുവാനുള്ളതിന്റെ അടയാളമാണ്.

യെരിഹോവിനെ ഒറ്റുനോക്കുവാന്‍ യോശുവ അയച്ച ദൂതന്മാരെ യരീഹോ രാജാവിന്റെ വാളിങ്കല്‍ നിന്നും ഒളിപ്പിച്ചുവച്ചു എന്ന ഏക കാരണത്താല്‍ അനര്‍ഹയായ രാഹാബിനു വേണ്ടിയുള്ള പ്രത്യുപകാരം…!! ഏതെങ്കിലും ഒക്കെ നിലകളില്‍ ആരോരുമറിയാതെ ദൈവരാജ്യത്തിനായി ചെയ്തതൊന്നും പ്രതിഫലം ഇല്ലാതെ നഷ്ടമായി പോകുന്നില്ല….!!

കിളിവാതില്‍ക്കലെ ചുവപ്പു ചരട് അനുകൂലമായ ദൈവീക ഇടപെടലിനായിട്ടുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഇന്നലെകളില്‍ ജീവന്‍ പണയം വച്ചും വലിയ നഷ്ടം സഹിച്ചും പട്ടിണി കിടന്നും അപമാനം സഹിച്ചും അബ്രഹാമിനോടുള്ള വാഗ്ദത്തം പിടിച്ചടക്കുവാനുള്ള വഴികളില്‍ നീയും പങ്കു ചേര്‍ന്നിട്ടുണ്ട് എങ്കില്‍ ആ കിളിവാതില്‍ക്കലെ ചുവപ്പു ചരട് അസാധാരണമായ ദൈവീക പ്രീതിയുടെ വാതിലുകള്‍ നിനക്കായി തുറക്കും!!

ഒട്ടും അനുകൂലമല്ലാത്ത ഇടങ്ങളിലും ദൈവത്തിനായി ചേര്‍ന്നു നില്‍ക്കുവാന്‍ മനസ്സുണ്ടെങ്കില്‍ ഒരു പട്ടണം മുഴുവന്‍ വലിയ മതിലടക്കം നിലംപൊത്തുമ്പോള്‍ കിളിവാതില്‍ക്കല്‍ നീ കെട്ടിയ ചുവപ്പു ചരട് നിനക്കായുള്ള ദൈവീക ഇടപെടലുകളുടെ അടയാളമായിമാറും!! ലഭ്യമാകുന്നതെല്ലാം ചെയ്യുക….കനാനിലേക്കുള്ള സഞ്ചാരവഴികളില്‍ പങ്കാളികള്‍ ആകുക….അടയാളമായി ചുവപ്പു ചരട് കെട്ടി കാത്തിരിക്കുക; നിന്നെ തേടിയുള്ള ദൈവപ്രവര്‍ത്തി വേഗത്തില്‍ ഉണ്ടാകും!!

Previous post സംസ്കാരം ഒക്ടോബർ 28-ന്
Next post ആദരിച്ചു