മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാൻ നിർദേശിക്കുന്ന ഉത്തരവ് മണിപ്പുർ ഹൈക്കോടതി റദ്ദാക്കി

മെയ്‌തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ നിര്‍ദേശിച്ച വിധി പരിഷ്‌കരിച്ച് മണിപ്പുര്‍ ഹൈക്കോടതി

ഇംഫാൽ: മണിപ്പൂരിൽ കലാപത്തിനു വഴിവച്ച ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ പദവി (എസ്.ടി) നൽകാൻ ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽഷില്ലു നിർദേശിക്കുന്ന 2003-ലെ വിധിയിലെ വിവാദമായ ഭാഗമാണ് ബുധനാഴ്ച മണിപ്പുർ ഹൈക്കോടതി റദ്ദാക്കിയത്. മെയ്തേയ് വിഭാഗത്തെ എസ്.ടി. പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുന്ന ഖണ്ഡികയാണ് ഹൈക്കോടതി നീക്കം ചെയ്തത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായതിനാലാണ് ഈ ഭാഗം നീക്കിയതെന്ന് കോടതി വ്യക്തമാക്കി.

പട്ടിക വർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനോടു ഉത്തരവിട്ടതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം കലാപം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പുരിൽ മാസങ്ങളോളം നീണ്ട കലാപത്തിന് തിരി കൊളുത്തിയെന്ന് കരുതപ്പെടുന്ന വിധിയാണ് 2023 മാർച്ചിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിൽ നിന്ന് പുറത്തുവന്നത്. കലാപത്തിൽ 200-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. കലാപം ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനം ഇതുവരെ സാധാരണ നിലയിലേക്ക് ആയിട്ടില്ല. ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിനു പട്ടിക വർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ സംഘടന ചുരാചന്ദ്പുരിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് പിന്നീട് കലാപമായി മാറിയത്. മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പൂരും രംഗത്തിറങ്ങിയതോടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ജനം ഏറ്റമുട്ടിയത്.

2023 മാർച്ച് 27നു ആക്ടിങ് ചീഫ് ജസ്റ്റിസ് എം. വി മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും നേരത്തെ ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹർജി പരിഗണിച്ചപ്പോഴായിരുന്നു പരമോന്നത കോടതി അന്നു ചോദ്യം ഉന്നയിച്ചത്.

എസ്.ടി. വിഭാഗത്തിന്റെ വർഗീകരണത്തിൽ കോടതി ഇടപെടുന്നതിന് നിയമപരമായ പരിമിതികൾ ഉണ്ടെന്ന്, 2000 നവംബറിലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗൈഫുൽഷില്ലു 19 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ കോടതികൾക്ക് തങ്ങളുടെ അധികാരപരിധി മറികടക്കാൻ കഴിയില്ലെന്നും കോടതികൾ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലെന്നുമാണ് 2000-ത്തിലെ സുപ്രീം കോടതിഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ കാതലായ ഭാഗം.

പുതിയ ഉത്തരവിൽ ഗോത്ര വിഭാഗങ്ങളെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുൻ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു. പട്ടിക വർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു സാധിക്കില്ല. കേന്ദ്ര സർക്കാരിനാണു അതിന്റെ ചുമതലയെന്നും അന്ന് ഭരണഘടനാ ബഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് അന്നത്തെ ഹൈക്കോടതി ഉത്തരവിലെ നിർദ്ദേശം റദ്ദാക്കാൻ ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു ഉത്തരവിട്ടത്.

Previous post മതപരിവർത്തനം: ഛത്തീസ്ഗഡിൽ പുതിയ നിയമം വരും
Next post ഉന്നത വിജയം