വാട്സ് ആപ്പിന്റെ പുതിയ നയം: കേന്ദ്ര സർക്കാർ ഇടപെടുന്നു

ന്യൂഡൽഹി: ഉപയോക്താക്കളുടെ സ്വകാര്യത സംബ്ബന്ധിച്ച വാട്സ് ആപ്പിന്റെ പുതിയ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. ഫെബ്രുവരി 8 മുതൽ നടപ്പാക്കുന്ന നയം മാറ്റത്തിനെതിരെ ആശങ്കകളും വിമർശനങ്ങളും ശക്തമായതോടെയാണു കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന്റെ നീക്കം. ഫെയ്സ് ബുക്കുമായി അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാൻ അനുമതി നൽകാത്ത ഉപയോക്താക്കളുടെ വാട്സ്ആപ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന വാട്സ് ആപ് നിലപാട് ഏറെ വിവാദമായിട്ടുണ്ട്. പുതിയ നയത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര ഐ.ടി. മന്ത്രാലയം ചർച്ച ചെയ്തു. വാട്സ് ആപ് അധികൃതരോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതികരണം. 40 കോടിയിലേറെ ഉപയോക്താക്കളുള്ള ഇന്ത്യ, വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്. വാട്സ്ആപ്പിലൂടെയുള്ള ഡിജിറ്റൽ പണമിടപാടിനും ഈ അടുത്ത കാലത്ത് അംഗീകാരം നൽകിയിരുന്നു.
അതേസമയം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്നും ചാറ്റുകളും ഫോൺ സംഭാഷണങ്ങളും വാട്സ്ആപോ ഫെയ്സ്ബുക്കോ നിരീക്ഷിക്കുന്നില്ലെന്നും വാട്സ്ആപ് മേധാവി വിൽ കാത്കാർട് വ്യക്തമാക്കി. വാട്സ് ആപ്പിലൂടെയുള്ള സന്ദേശങ്ങൾ സുരക്ഷിതമായിരിക്കുമെന്നു ഉപയോക്താക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും തങ്ങൾ സമാഹരിക്കുന്ന വിവരങ്ങൾ എത്രത്തോളമുണ്ടെന്ന് വാട്ട്സ്ആപ് അക്കൗണ്ട് ഇൻഫർമേഷനിൽ നിന്നും ഉപയോക്താക്കൾക്കു തന്നെ അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളെയാകും നയം മാറ്റം കൂടുതൽ സ്വാധീനിക്കുക. എന്നാൽ ഇതും സുതാര്യമായിരിക്കും. വാട്സ് ആപ് പേയ്മെന്റിനു പ്രത്യേക സ്വകാര്യ താ നയമാണുള്ളതെന്നും പുതിയ മാറ്റങ്ങൾ അതിനെ ബാധിക്കില്ലെന്നും സർക്കാരിന്റെ ഏത് ചോദ്യങ്ങൾക്കും മറുപടി നൽകാൻ തയാറാണെന്നും വാട്സ്ആപ് മേധാവി വിശദീകരിച്ചു.

          – മനോരമ.

Previous post ശാരോൻ റൈറ്റേഴ്സ് ഫോറം പുറത്തിറക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന്
Next post തേജസ്സേറിയ സഭ