അമേരിക്കയിൽ പുതിയ ഭരണ യുഗം: ബൈഡൻ- കമല ഹാരിസ് അധികാരേമേറ്റു

വാഷിങ്ടൻ: അമേരിക്കയിൽ പുതുയുഗപ്പിറവി. ഇനി ബൈഡൻ-ഹാരിസ് യുഗം. യു.എസ്. ചരിത്രത്തിൽ ഏറ്റവും വാശിയേറിയ മത്സര സ്വഭാവത്തോടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനും അതുകൊണ്ടു തന്നെ ലോകത്തെ മുൾമുനയിൽ നിർത്തിയ ആകാംക്ഷയ്ക്കും ആശങ്കകൾക്കും ചൂടേറിയ രാഷ്ട്രീയ വാദ പ്രതിവാദങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും (78), 49-ാമത്‌ വൈസ് പ്രസിഡന്റായി കമലാ ഹാരിസും (56) അധികാരമേറ്റു. 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ കൈ വച്ചാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. കമല ഹാരിസും ഭർത്താവ് ഡഗ്ലസ് എംഹോഫിന്റെ കൈയ്യിലെ ബൈബിളിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ സമയം രാത്രി 10.30-നായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്‌’ പ്രമേയമാക്കി വാഷിങ്ടൻ ഡി.സി.യിലെ ചരിത്ര സൗധമായ പാർലമെന്റ് മന്ദിരത്തിനു മുന്നിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. ഫാദർ ലിയോ ജെ. ഒഡൊനൊവനും റവ.ഡോ. സിൽവസ്റ്റർ ബീമാനും പ്രാർത്ഥന ശുശ്രൂഷകൾ നയിച്ചു. ജോ ബൈഡന്റെയും കമലാ ദേവി ഹാരിസിന്റെയും സ്ഥാനാരോഹണത്തെ അമേരിക്കയുടെ പുതുയുഗപ്പിറവിയായിട്ടാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് നടക്കാറുള്ളതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരമാക്കി ചുരുക്കി. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ വൻ സുരക്ഷാ വലയത്തിലായിരുന്നു തലസ്ഥാനം. മറ്റ് ആഘോഷങ്ങളെല്ലാം വെർച്വൽ ആയിരുന്നു. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യു.എസ്. പ്രസിഡന്റാണ് ജോ ബൈഡൻ (Joseph Robinette Biden Jr.). അമേരിക്കയുടെ ചരിത്രത്തിൽ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് കമല ഹാരിസ് ശ്രദ്ധേയയാകുന്നത്. അതും ഇന്ത്യൻ വംശജയായ (തമിഴ് നാട്ടിൽ കുടുംബ ബന്ധമുള്ള) ഒരു വനിത എന്നത് ചരിത്രത്തിൽ തന്നെ ആദ്യം. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കും ഇത് അഭിമാന നിമിഷങ്ങളാണ്. മുൻ പ്രസിഡന്റുമാരായ ജോർജ് W. ബുഷ്, ബറാക് ഒബാമ, ബിൽ ക്ലിന്റൺ, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തുടങ്ങിയവർ ക്യാപിറ്റോളിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിയപ്പോൾ സ്ഥാനം ഒഴിഞ്ഞ ഡോണൾഡ് ട്രംപിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിന് ഒരു മണിക്കൂർ മുമ്പ് പുതിയ ഭരണാധികാരികൾക്ക് വിജയാശംസ എഴുതി നൽകി വൈറ്റ് ഹൗസിൽ നിന്നും അദ്ദേഹം ഫ്ലോറിഡയിലേക്കു പോയി. യു.എസിലെ ഭരണമാറ്റം ലോകത്തെ ഏത് വിധത്തിൽ സ്വാധീനിക്കുമെന്നും ഭരണമാറ്റം ഇന്ത്യക്ക് എത്രത്തോളം ഗുണകരമാകുമെന്നും ബൈഡന്റെ ആദ്യ നീക്കം എങ്ങനെയായിരിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റെന്നും ഇത് ജനാധിപത്യത്തിന്റെ ദിനമാണെന്നും അമേരിക്കൻ ജനതയെ ഒന്നിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും സത്യപ്രതിജ്ഞയെ തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ. ജധാധിപത്യം അമൂല്യമെന്ന് രാജ്യം തെളിയിച്ചു. കോവിഡ് അനേകരുടെ ജീവൻ കവർന്നു. ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഈ മഹാമാരിക്കെതിരായി അമേരിക്ക ഒന്നിച്ചു പോരാടും. രണ്ടാഴ്ച മുമ്പു നടന്ന ക്യാപ്പിറ്റോൾ അക്രമത്തെ മറികടന്ന് രാജ്യം ഒറ്റക്കെട്ടായി. വർണ്ണവിവേചനത്തിനും അഭ്യന്തര ഭീകരതയ്ക്കുമെതിരെ നിലകൊള്ളണം. വെല്ലുവിളികളെ നേരിടാൻ രാജ്യം സജ്ജമാകണം-ബൈഡൻ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ യു.എസ്. പ്രസിഡന്റിന് അഭിനന്ദനം അറിയിച്ചു. ഇന്ത്യ-അമേരിക്ക ബന്ധത്തെ ഭരണമാറ്റം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.

Previous post ആപ്കോൺ സംയുക്ത ആരാധന ജനുവരി 22-ന്
Next post കേരള സർക്കാരിന്റെ ഹരിത മിത്ര അവാർഡ് പാസ്റ്റർക്ക്