ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം

തിരുവനന്തപുരം: സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം നിലവിൽ വരുന്നു. നിയമ പരിഷ്കരണ കമ്മിഷനാണു ‘കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്ട്രേഷൻ ബിൽ’ എന്ന പേരിൽ നിയമത്തിന്റെ കരടു ബിൽ തയ്യാറാക്കിയത്. വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതതു പ്രദേശത്തെ വിവാഹ ഓഫീസർക്കു സത്യപ്രസ്താവന നൽകണമെന്നതുൾപ്പടെ നിർദ്ദേശങ്ങളുമായി സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള എകീകൃത നിയമത്തിന്റെ കരട് ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചു. സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണു കമ്മിഷൻ കരടു ബിൽ തയ്യാറാക്കിയത്. ക്രിസ്ത്യൻ സഭകൾ നിശ്ചയിക്കുന്നവരാകും വിവാഹ ഓഫിസർ. അതായത്, വൈദികരുടെ കാർമികത്വത്തിലാകും വിവാഹം എന്നാണു ബിൽ ഉദ്ദേശിക്കുന്നത്. സത്യപ്രസ്താവന ഉൾപ്പടെ വിവാഹ ഓഫിസർ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. എതിർപ്പുള്ളവർ 7 ദിവസത്തിനകം അറിയിക്കണം. മതിയായ കാരണമുണ്ടെങ്കിൽ കൂടുതൽ സമയം എടുക്കാം. പരാതി ശരിയെങ്കിൽ വിവാഹം നടത്തി കൊടുക്കരുത്. ഇക്കാര്യത്തിൽ വിവാഹ ഓഫീസറുടെ തീരുമാനം അന്തിമമാകും. ഇരുകൂട്ടരും ആവശ്യപ്പെടുന്ന സൗകര്യപ്രദമായ സ്ഥലത്തും സമയത്തും വിവാഹ ഓഫിസർ വിവാഹ ചടങ്ങ് നടത്തണം. മറ്റൊരു ഓഫീസറുടെ കീഴിലാണു വിവാഹത്തിനു സൗകര്യമെങ്കിൽ അപേക്ഷ അങ്ങോട്ടു മാറ്റാം. ഈ നിയമപ്രകാരം നടത്തുന്ന എല്ലാ വിവാഹങ്ങളും നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യണം. തദ്ദേശ സ്ഥാപന സെക്രട്ടറിയാണു വിവാഹ രജിസ്ട്രാർ. ഇദ്ദേഹം ക്രിസ്ത്യൻ വിവാഹങ്ങൾക്കു മാത്രമായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും. വിവാഹ ഓഫിസർ നൽകുന്ന സർട്ടിഫിക്കേറ്റ് ഉൾപ്പടെ വിവാഹം കഴിഞ്ഞു 2 മാസത്തിനകം രജിസ്ട്രാർക്കു അപേക്ഷ നൽകി വേണം രജിസ്റ്റർ ചെയ്യാൻ. വിവാഹ രജിസ്റ്ററിൽ വധുവും വരനും രണ്ടു സാക്ഷികളും ഒപ്പിടണം. അപേക്ഷിക്കാൻ വൈകിയാൽ കാരണം ബോധിപ്പിക്കണം. അധികാരപ്പെടുത്താത്തവർ ഈ നിയമപ്രകാരമുള്ള വിവാഹം നടത്തിക്കൊടുക്കുകയും സർട്ടിഫിക്കേറ്റ് നൽകുകയും ചെയ്താൽ 3 വർഷം വരെ തടവും 10000 രൂപ വരെ പിഴയുമാണ് ശിക്ഷ. ഈ നിയമം നിലവിൽ വരുന്നതിനു മുമ്പു നടന്ന വിവാഹങ്ങൾ നിശ്ചിത ഫീസ് ഈടാക്കി ഒരു വർഷത്തിനകം രജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വിദേശത്തു സാധുവായ വിവാഹ സർട്ടിഫിക്കേറ്റ്
സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹങ്ങളുടെ രജിസ്ട്രേഷനു പൊതു നിയമമില്ല. 1075-ലെ ക്രിസ്ത്യൻ സിവിൽ വിവാഹ നിയമം പഴയ കൊച്ചി സംസ്ഥാനത്തും 1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം മലബാർ പ്രദേശത്തുമാണ് ബാധകം. പഴയ തിരുവിതാംകൂർ പ്രദേശത്തു നിയമം നിലവിലില്ല. നിയമാനുസൃത അതോരിറ്റി നൽകുന്ന സാധുവായ വിവാഹ സർട്ടിഫിക്കേറ്റ് ഇല്ലാത്തതു വിദേശങ്ങളിൽ കുടിയേറുകയും തൊഴിൽ തേടുകയും ചെയ്യുമ്പോൾ തടസ്സമാകുന്നതായി കരടു നിയമം തയ്യാറാക്കാൻ കാരണമായതായി കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. ക്രിസ്ത്യൻ വിവാഹങ്ങൾ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത് 2008-ലെ വിവാഹ രജിസ്ട്രേഷനുള്ള പൊതു ചട്ടങ്ങൾ അനുസരിച്ചാണ്. ഇതിനു നിയമത്തിന്റെ അടിസ്ഥാനമില്ല. സർക്കാരിന്റെ നയ തീരുമാനം മാത്രമേയുള്ളൂ.

Previous post മല്ലപ്പള്ളി യു.പി.എഫ് കൺവൻഷൻ
Next post ബൈബിൾ ക്ലാസ്സ്