വാഹനാപകടം

ബെനൻസ് ഡേവിഡ്, ജെയിംസ്

കോഴഞ്ചേരി:  ആറന്മുള പുന്നംതോട്ടത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 സുവിശേഷകർ മരിച്ചു. മാവേലിക്കര–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഇന്നലെ ഉച്ചതിരിഞ്ഞ്‌ മൂന്നരയോടെ ആയിരുന്നു ദാരുണമായ അപകടം ഉണ്ടായത്. പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസത്തിൽ ബെനൻസ് ഡേവിഡ് (43), ഇടുക്കി കട്ടപ്പന തോപ്രാംകുടി ചരുവിളയിൽ വീട്ടിൽ ജയിംസ് (പ്രസന്നൻ –49) എന്നിവരാണ് മരിച്ചത്. ആറന്മുള ഭാഗത്തേക്ക്  പോകുകയായിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ എതിരെവന്ന കാറിന്റെ വശത്ത് തട്ടി ഇവർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
ബെനൻസാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയിംസിനെ തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബെനൻസിനെ ആശുപത്രിയിലേക്ക് മാറ്റാനായി പിന്നാലെയെത്തിയ വാഹനങ്ങൾക്ക് കൈകാട്ടിയെങ്കിലും ആരും നിർത്താൻ തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് ഇതുവഴിയെത്തിയ കാറിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഷാന്റി പ്രസന്നകുമാറാണ് ജയിംസിന്റെ ഭാര്യ. മക്കൾ: അക്സ, കെസിയ, അലക്സ്.

Previous post ശബ്ദ നിയന്ത്രണം
Next post ഐക്യ കൺവൻഷൻ