തിരുവല്ല: ഇൻഡ്യയിൽ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവ- പെന്തക്കോസ്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ വൈ.പി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29-ന് വൈകിട്ട് നാലു മണിക്ക് തിരുവല്ലയിൽ പ്രതിഷേധ യോഗം നടന്നു.
മറ്റു രാജ്യങ്ങളിൽ നിന്നും കേട്ടും വായിച്ചും അറിവുള്ള പീഡന സംഭവങ്ങൾ ഇപ്പോൾ നമ്മുടെ രാജ്യത്തും മുൻകാലങ്ങളെക്കാൾ അധികമായി വർദ്ധിച്ചു വരുന്നു. ഭരണഘടന അനുവദിച്ചിട്ടുള്ള മത സ്വാതന്ത്ര്യം നിലനിൽക്കുന്ന ഇൻഡ്യ എന്ന ജനാധിപത്യ രാജ്യത്തുപോലും പ്രാർത്ഥിക്കുന്നതിനും ആരാധിക്കുന്നതിനും സുവിശേഷം പ്രസംഗിക്കുവാനും കഴിയാത്തവിധം പ്രതിസന്ധികൾ വർദ്ധിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും ഇപ്പോൾ പീഢനങ്ങൾ നടക്കുന്നു.
കഴിഞ്ഞ മാസം തിരുവനന്തപുരം വർക്കലയിൽ സുവിശേഷവിരോധികൾ ഉയർത്തിയ ഭീഷണി, യു.പിയിൽ ക്രൈസ്തവ കന്യാസ്ത്രീകൾക്കുനേരെ ഉണ്ടായ അതിക്രമം എന്നിവയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് യോഗം ചേർന്നത്. ഛത്തീസ്ഗഡ്, ബാംഗ്ലൂർ, വർക്കല-മുള്ളറംകോട്, ഒറ്റപ്പാലം-വാണിയംകുളം എന്നീ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളെയും കയ്യേറ്റങ്ങളെയും യോഗം അപലപിച്ചു.
വൈ.പി.ഇ പ്രസിഡന്റ് ജെബു കുറ്റപ്പുഴ യോഗം ഉത്ഘാടനം ചെയ്തു. പാസ്റ്റർ സിജു വി.സി അധ്യക്ഷത വഹിക്കുകയും പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷണവും നടത്തി. പാസ്റ്റർ മാത്യു ശാമുവേൽ, ലിജോ ജോസഫ് എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.
കൗൺസിൽ അംഗങ്ങൾ, യൂത്ത് & സൺഡേ സ്കൂൾ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സംഗമത്തിൽ പങ്കുചേർന്നു.
