തെന്മല : അസംബ്ലിസ് ഓഫ് ഗോഡ് ഉറുകുന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ജൂലൈ 21 വ്യാഴാഴ്ച്ച ഉച്ചക്ക് ഉറുകുന്ന് കോളനി ജംഗ്ഷനിൽ നടന്ന അപകടത്തിൽ കാർ തല കീഴായി മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാല് വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരും അത്ഭുതകരമായി രക്ഷപെട്ടു. ഇവർ സഞ്ചരിച്ച ഹോണ്ട മൊബിലിയോ ഏഴ് സീറ്റർ കാറിന്റെ മുൻഭാഗത്തെ വലത് വശത്തെ ടയർ പൊട്ടിയതാണ് അപകട കാരണം. പാസ്റ്റർ ജോസ് വർഗീസാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിൽ പാസ്റ്ററെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ ഷീലയും കൊച്ചുമകൾ ജാക്വലിനുമാണ് കാറിലുണ്ടായിരുന്നത്. അടൂർ ഭാഗത്ത് നിന്നും ഉറുകുന്ന് ചർച്ചിലേക്ക് പോകും വഴി റോഡ് സൈഡിലെ വീടിന് മുൻപിൽ കിടന്ന കരിങ്കല്ലിൽ തട്ടി സമീപത്തെ വീട്ടിൽ ഇടിച്ച ശേഷമാണ് കാർ തല കീഴായി റോഡിൽ മറിഞ്ഞത്. കാർ രണ്ട് വട്ടം മറിഞ്ഞിരുന്നു. കാറിനുള്ളിൽ കുടുങ്ങി കിടന്ന മൂവരെയും ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. പാസ്റ്റർ ജോസിന് അല്പം ശരീര വേദനയുള്ളത് ഒഴിച്ചാൽ ആർക്കും മറ്റ് കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല.
