മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം : ഓർത്തഡോക്സ് സഭ

മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നും മോദി വീണ്ടും അധികാരത്തിലെത്തിയതിൽ സന്തോഷമെന്നും ഓർത്തഡോക്സ് സഭ; കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവൻ അഭിമാനമാണെന്നും സഭാ അധ്യക്ഷൻ

മണിപ്പൂരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മണിപ്പൂരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന ആരോപണങ്ങൾ ആവർത്തിക്കപ്പെടുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനു പിന്നാലെയുള്ള സഭയുടെ നിലപാടുമാറ്റം. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരു ലോക്സഭാ സീറ്റുപോലും എൽഡിഎഫിന് ലഭിക്കുമായിരുന്നില്ലെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ പറഞ്ഞു. ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കുമെന്നും മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്-അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയതിൽ സന്തോഷമെന്നും കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവൻ അഭിമാനമാണെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ കൂട്ടിച്ചേർത്തു. ക്രൈസ്തവരുടെ പിന്തുണ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത് ഒരു തുടക്കമായിരിക്കുമോ എന്നത് ബിജെപിയാണ് പറയേണ്ടത് ഞാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു നിയമസഭ സീറ്റ് കിട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ അത് പോയി. ഇതുവരെയും ഒരു ലോകസഭാ മണ്ഡലം കിട്ടിയിരുന്നില്ല. ആദ്യമായി ഇപ്പോഴത് കിട്ടി. എന്നാൽ അടുത്ത പ്രാവശ്യം ഈ സീറ്റ് ഉണ്ടാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Previous post കുവൈറ്റിലെ തീപിടുത്തം
Next post മണിപ്പുർ വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് പിന്നാലെ നിലപാട് മാറ്റി യാക്കോബായ സഭയും