ഐ.ആർ.എ. സണ്ടേസ്കൂൾ & യൂത്ത് സമ്മേളനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളുടെയും യുവജനങ്ങളുടെയും സംയുക്ത സമ്മേളനം ഒക്ടോബർ 19-ന് സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7 മണി മുതൽ 9 വരെ നടന്നു. ഐ.ആർ.എ. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സാംകുട്ടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ അന്നമ്മ ഇട്ടി, പാസ്റ്റർ ഒ.എം. ജോർജ്, സുവി. എം.ജെ ചാക്കോ എന്നിവർ പ്രാർത്ഥിച്ചു. കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. എബ്രായർ 11:24-ാം വാക്യം ആസ്പദമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി (പ്രസിഡന്റ്, ഐ.ആർ.എ) മുഖ്യ സന്ദേശം നൽകി. കുഞ്ഞുങ്ങളും യുവജനങ്ങളും-ദൈവമക്കളെല്ലാവരും കർത്താവിനുവേണ്ടി കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുക്കുന്നവരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിസ്തീയ ജീവിതത്തിൽ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. ലോകത്തിൽ വിശാലമായതും എളുപ്പമായതുമായ വഴികളുണ്ട്. അതുപോലെ ഇടുങ്ങിയതും ഞെരുക്കമുള്ളതും കഷ്ടതകളും വേദനകളുമുള്ള വഴിയുമുണ്ട്. എളുപ്പ മാർഗ്ഗം സ്വീകരിക്കാനാണ് പലർക്കും താൽപര്യം. കഷ്ടതയോ പ്രയാസമോ ഇല്ലാതെ സുഗമമായി സഞ്ചരിക്കുവാനാണ് അവർ ഇഷ്ടപ്പെടുന്നത്. അതിന്റെ സന്തോഷവും സുഖവും താൽക്കാലികമാണെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നില്ല. എന്നാൽ ക്രിസ്തീയ ജീവിത യാത്ര സുഖലോലുപതയുടെയല്ല. അത് ഞെരുക്കമുള്ളതും കഷ്ടതകൾ ഉള്ളതുമാണ്. നിത്യതയോളം എത്തിക്കുന്നതാണ് ആ മാർഗ്ഗം. ഈ ആത്മീയ പാത തിരഞ്ഞെടുക്കുന്നവർ നിത്യ സന്തോഷവും നിത്യജീവനും പ്രാപിക്കും. ജീവിതത്തിൽ നാം എന്തായിരിക്കുന്നുവോ അത് നമ്മുടെ തിരഞ്ഞെടുപ്പാണ്, ആ തിരഞ്ഞെടുപ്പ് നമ്മുടെ ചരിത്രവും അവസാനവുമാകും-അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
പാസ്റ്റർമാരായ ജേക്കബ് ജോർജ്, വർഗീസ് പി.ജോസഫ് എന്നിവർ ആശംസകളറിയിച്ചു. ആർ.വൈ.എം. സെക്രട്ടറി സജോമോൻ സാബു സ്വാഗതവും പാസ്റ്റർ പി.സി.തോമസ് നന്ദിയും പറഞ്ഞു. പാസ്റ്റർ ഷിബു ജോസഫ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

Previous post ശാരോൻ ഫെലോഷിപ്പ് ചെങ്ങന്നൂർ സെൻറർ: വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും
Next post ന്യൂനപക്ഷ സ്കോളർഷിപ്പ് : ഹൈക്കോടതി വിധിക്കെതിരെ കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ