വചന ചിന്ത

ചില ചങ്ങലകൾ അങ്ങനെയാണ്. ഹെരോദാവ് നിനക്കെതിരെ വാളോങ്ങുന്നതിന്റെ തൊട്ടു തലേദിവസം മാത്രമേ അത് അഴിയുകയുള്ളു..!!

കൈമേല്‍ രണ്ടു ചങ്ങല…അപ്പുറത്തും ഇപ്പുറത്തും ആയി രണ്ടു പടയാളികള്‍…ഇടതുകൈമേല്‍ ധരിപ്പിച്ചിരിക്കുന്ന ചങ്ങലയുടെ ഒരറ്റം ഇടതുവശത്തുള്ള പടയാളിയുടെ വലതുകയ്യുമായും വലതുകൈമേല്‍ ധരിപ്പിച്ചിരിക്കുന്ന ചങ്ങലയുടെ ഒരറ്റം വലതുവശത്തുള്ള പടയാളിയുടെ ഇടതുകൈയ്യുമായും ചേര്‍ത്തു ബന്ധിച്ചിരിക്കുന്നു. ചങ്ങല കിലുങ്ങിയാല്‍ പടയാളികള്‍ അറിയും…വാതിലിന്റെ മുന്‍പില്‍ കാവല്‍ക്കാര്‍ വേറെയും…!! (അപ്പൊ.12:6).

ഏതു നിലകളില്‍ ചിന്തിച്ചാലും പടയാളികള്‍ അറിയാതെ പുറത്തുവരുവാനുള്ള ഒരു സാധ്യതയും കാണുന്നില്ല…
എന്നാല്‍ പെട്ടെന്ന്, വിസ്താരത്തിന് നിര്‍ണ്ണയിച്ച ദിവസത്തിന്‍റെ ആ നിര്‍ണ്ണായകമായ തലേരാത്രിയില്‍ ദൈവത്തിന്റെ ദൂതന്‍ കാരാഗ്രഹത്തില്‍ ഇറങ്ങി.!!

ദൂതന്‍ ഇറങ്ങിയതും അറയില്‍ വെളിച്ചം പ്രകാശിച്ചു…ദൂതന്‍ പത്രോസിന്റെ വിലാപ്പുറത്തു തട്ടി…രണ്ടു പടയാളികളുടെ നടുവില്‍ അപ്പുറത്തും ഇപ്പുറത്തും ആയി പടയാളികളുടെ കയ്യുമായി ചേര്‍ത്ത് ബന്ധിച്ചിരിക്കുന്ന ചങ്ങലകളുടെ രണ്ടറ്റങ്ങള്‍ പത്രോസിന്റെ കൈമേല്‍ നിന്നും അഴിഞ്ഞുവീണു..!!

അറയില്‍ ദൂതന്‍ ഇറങ്ങിയത്‌ പടയാളികള്‍ കണ്ടില്ലേ…അവിടമാകെ വെളിച്ചം പ്രകാശിച്ചത് പടയാളികള്‍ കണ്ടില്ലേ…പത്രോസിന്റെ വിലാപ്പുറത്തു ദൂതന്‍ തട്ടിയത് പടയാളികള്‍ കണ്ടില്ലേ…അവരുമായി ചേര്‍ത്തുബന്ധിച്ചിരിക്കുന്ന ചങ്ങല പത്രോസിന്റെ കൈമേല്‍ നിന്നും അഴിഞ്ഞുവീണത്‌ പടയാളികള്‍ അറിഞ്ഞില്ലേ…അങ്ങേയറ്റം അസംഭവ്യം??

ചങ്ങലയുടെ ഒരറ്റം കൈമേല്‍ ധരിച്ചുകൊണ്ട് പത്രോസ് ഞങ്ങളുടെ നടുവില്‍ ഉണ്ടാകും എന്നുള്ള ഉറപ്പോടെ പടയാളികള്‍ കാരാഗ്രഹത്തില്‍ തുടരുമ്പോൾ, പത്രോസ് ഇപ്പോള്‍ വിടുവിക്കപ്പെട്ടു മര്‍ക്കോസിന്റെ മാളികമുറിയില്‍ തനിക്കായി പ്രാര്‍ത്ഥിച്ചവരുടെ ഇടയില്‍ വിടുതലിന്റെ സാക്ഷ്യം പറയുന്നു..!!

ഇങ്ങനെ ആയിരിക്കും നമുക്കായുള്ള വിടുതലുകള്‍…
ഇതുവരേയും ആര്‍ക്കുവേണ്ടിയും സംഭവിച്ചിട്ടില്ലാത്ത ചില പ്രത്യേക ദൈവപ്രവര്‍ത്തികള്‍…
കേട്ടുകേള്‍വിയില്ലാത്ത അങ്ങേയറ്റം അസാധാരണമായ ചില ദൈവീക ഇടപെടലുകള്‍…
ഇരുചെവിയറിയാതെ തളയ്ക്കപ്പെട്ടിരിക്കുന്ന കാരാഗ്രഹങ്ങളില്‍ നിശബ്ദമായി സംഭവിക്കുന്ന ചില അത്ഭുതങ്ങള്‍…
നാം മാത്രം ദൂതനെ കാണും…നാം മാത്രം വെളിച്ചം കാണും…
നാം മാത്രം ദൂതന്റെ സ്പര്‍ശനം അനുഭവിക്കും…നാം മാത്രം ചങ്ങല അഴിയുന്നത് അറിയും!!

ഹെരോദാവ് നിനക്കെതിരെ കൈനീട്ടുവാന്‍ ഭാവിച്ചതിന്റെ തലേരാത്രി…
ആ തലേരാത്രിയില്‍ അപ്രതീക്ഷിതവും അതിശയകരവുമായ ദൈവപ്രവർത്തികള്‍ നിനക്കായിട്ടുണ്ടാകും..!!

ഇതുവരെയും ഒന്നും സംഭവിച്ചില്ലെല്ലോ…
കാര്യങ്ങള്‍ക്കൊന്നും ഒരു നീക്കവും ഉണ്ടായില്ലെല്ലോ…
പ്രാര്‍ഥനകള്‍ ഫലം കാണുന്നില്ലല്ലോ…
ഇനിയും ചില മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്…
സംഭ്രമിക്കരുത്…പെട്ടെന്ന് നീ ഒരു വെളിച്ചം കാണും…ദൂതന്റെ സ്പര്‍ശനം അനുഭവിക്കും…പ്രതിസന്ധിയുടെ ചങ്ങലകള്‍ അഴിഞ്ഞുവീഴും…മാളികമുറിയില്‍ ഉടനെ നീ ദൈവപ്രവർത്തിയുടെ സാക്ഷ്യം പ്രസ്താവിക്കും!!

Previous post മികച്ച വിജയം
Next post കൺവൻഷൻ