കലാപം വീണ്ടും

ഇംഫാൽ: ഒരിടവേളയ്ക്കു ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം! തലസ്ഥാനമായ ഇംഫാലിൽ മെയ്തെയ് വിഭാഗവും കുകി ഗോത്രവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് രണ്ടാഴ്ചയിലേറെ നീണ്ട ശാന്തത തകർന്നത്. ഇംഫാലിലെ ന്യൂ ചെക്കോണിൽ കുകി വിഭാഗത്തിന്റെ ഏതാനും വീടുകളും ക്രിസ്ത്യൻ പള്ളിയും അഗ്നിക്കിരയാക്കിയെന്നാണ് റിപ്പോർട്ടുകൾ. മെയ്തെയ് വിഭാഗത്തിനൊപ്പം വിവിധ ഗോത്രവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ ചില കടകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെ കുകി വിഭാഗക്കാർ എത്തിയതോടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വീടുകളും പള്ളിയും മറു വിഭാഗം കത്തിക്കുകയായിരുന്നു. ഈ മാസം 3, 4 തീയതികളിൽ ആളിക്കത്തിയ കലാപത്തിൽ 73 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ ഗ്രാമങ്ങളും ആയിരക്കണക്കിനു വീടുകൾ നശിപ്പിക്കപ്പെട്ടുവെന്നും 220 പള്ളികൾ തകർക്കപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 40,000 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ഇന്നലെ ഉണ്ടായ സംഘർഷത്തിൽ പങ്കുണ്ടെന്നു ആരോപിക്കപ്പെടുന്ന കുകി വിഭാഗത്തിൽ നിന്നുള്ള ഒരു മുൻ എം.എൽ.എ ഉൾപ്പടെ ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷ മേഖലയിൽ കൂടുതൽ സൈനികരെയും വിന്യസിച്ചു.

Previous post എസ്.എസ്.എൽ.സി ജേതാക്കൾ
Next post സ്കൂൾ ബാഗ്-വിദ്യാഭ്യാസ ധനസഹായ വിതരണം