സുവിശേഷ പ്രഭാഷകൻ എം.വൈ. യോഹന്നാൻ നിര്യാതനായി

കോലഞ്ചേരി: ഇന്നലെ നിര്യാതനായ പ്രശസ്ത സുവിശേഷ പ്രസംഗകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് പ്രസിഡൻ്റുമായ പ്രഫ. എം. വൈ യോഹന്നാന്റെ (84) സംസ്കാരം നാളെ വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് റിട്ട. പ്രിൻസിപ്പലായിരുന്നു.100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് കൂടിയാണ്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേച്ചങ്കര കുടുംബാംഗമായ എം.വൈ.യോഹന്നാൻ വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1964 മുതൽ 1995 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മലയാള വിഭാഗം മേധാവിയായും തുടർന്നു രണ്ടു വർഷം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1950-കളിൽ തുടക്കമിട്ട ‘സ്വമേധയാ സുവിശേഷ സംഘ’ത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1973 – ൽ ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിനു രൂപം നൽകി. ‘മതമല്ല മനസ്സാണ് മാറേണ്ടത്’ എന്ന സന്ദേശവുമായി ആരംഭിച്ച പ്രസ്ഥാനത്തിനു ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തകരുണ്ട്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി ഒട്ടേറെ പേർ കൂട്ടായ്മയിലെത്തി. നൂറ്റിയമ്പതോളം ആത്മീയ ഗ്രന്ഥങ്ങളും ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്.
നെച്ചുപ്പാടം കുടുംബാംഗവും റിട്ട. അദ്ധ്യാപികയുമായ ആലീസ് ആണു ഭാര്യ. മക്കൾ: ഡോ. ഐസക് ജോൺ (എം.ഡി., റാഫാ ഡയഗ്നോസ്റ്റിക്സ്), ജോസഫ് ജോൺ (മുൻ എം ഡി കേഡർ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്), മേരി ബേബി, തോമസ് ജോൺ (എം ഡി, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്). മരുമക്കൾ: ബീന ചിറയിൽ പള്ളം, സംഗീത കുറ്റിപ്പുഴ മാറാടി, ഡോ. ബേബി ഏബ്രഹാം മേലേത്ത് (ഡയറക്ടർ, എലിംസ് കോളജ് ഓഫ് മാനേജ്മെന്റ് തൃശൂർ), മീന തോമസ് ചാന്ത്യം പണ്ടപ്പിള്ളി.

Previous post ആരോഗ്യ ബോധവത്ക്കരണ സെമിനാർ
Next post ബത്തേരി പി.പി.എഫ് മീറ്റിംഗ്