കെന്റക്കിയിൽ ആത്മീയ ഉണർവ്

യുഎസ്: അമേരിക്കയിലെ കെൻ്റക്കി സംസ്ഥാനം വീണ്ടും ഒരു ഉണർവിനു സാക്ഷ്യം വഹിക്കുന്നു. അഭൂതപൂർവമായ ആത്മികാനുഭവങ്ങളിലേക്ക് യുവാക്കൾ ഒഴുകിയെത്തുകയാണ്. പ്രശാന്തമായ അന്തരീക്ഷത്തിൽ ഉപരിപ്ലവമായ വൈകാരിക പ്രകടനങ്ങളില്ലാതെ, വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പില്ലാതെ പരിശുദ്ധാത്മാനുഭവങ്ങൾ ഹൃദയങ്ങളെ കീഴടക്കുന്നു. ദിവസങ്ങളായി, ആളുകൾ സാക്ഷ്യം നൽകുകയും തിരുവെഴുത്ത് വായിക്കുകയും ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിൽമോറിലെ അസ്ബറി സർവകലാശാലയിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചാപ്പൽ സർവീസ് ഇപ്പോഴും തുടരുകയാണ്. മെത്തഡിസ്റ്റുകാർ ആരംഭിച്ച കെന്റക്കിയിലെ ആസ്ബെറി സർവകലാശാലയിൽ കഴിഞ്ഞ ബുധനാഴ്ചയും (ഫെബ്രുവരി 8) പതിവ് ദിവസമായേ എല്ലാവരും കരുതിയുള്ളൂ. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും ഇത്ര ചാപ്പൽ സർവീസുകളിൽ പങ്കെടുത്തിരിക്കണം എന്ന് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾ പങ്കെടുക്കുന്നത് വഴിപടുപോലാണ്.
പത്തുമണിയോടടുപ്പിച്ചു ചാപ്പൽ സർവീസ് ആരംഭിച്ചു. യോഗാവസാനം കുറിച്ചുകൊണ്ട് ആശീർവാദം പറഞ്ഞു. അവസാനമായി ഗായകസംഘം ഒരു കോറസ് പാടി, നിർത്താനാഗ്രഹിച്ചിട്ടു ആരും പിരിയുന്നില്ല. വിശദീകരിക്കുവാൻ കഴിയാത്ത ഒരു ആത്മവിവശത സന്നിഹിതരായവർ അനുഭവിക്കാൻ തുടങ്ങി. പാട്ടും പ്രാർഥനയുമായി ഒരാഴ്ച കഴിഞ്ഞും യോഗം തുടരുകയാണ്.
“ഈ സ്ഥലത്ത് ദൈവാത്മ സാന്നിധ്യം ഞങ്ങൾ അനുഭവിക്കുന്നു. യഥാർത്ഥത്തിൽ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും ഈ സമൂഹത്തിൻ്റെയും ഹൃദയത്തിൽ ഒരു ദൈവാനുഭവ പ്രവാഹമാണു നടക്കുന്നത് ” – ആസ്ബെറി സർവകലാശാല പ്രസിഡൻ്റ് ഡോ. കെവിൻ ബ്രൗൺ ആവേശത്തോടെ പറയുന്നു. സർവകലാശാലയിലെ വേദശാസ്ത്ര അദ്ധ്യാപകൻ തോമസ് എച്ച്. മക് കാൾ (Thomas H. McCall) വിവരം കേട്ടറിഞ്ഞു ചാപ്പലിൽ ചെന്നപ്പോൾ നൂറുകണക്കിന് വിദ്യാർഥികൾ അവിടെ ശാന്തമെങ്കിലും അവാച്യമായ അനുഭൂതിയിൽ പ്രാർഥനാ നിരതരായും ഗാനാലാപനത്തിൽ മുഴുകിയും നിൽക്കുകയാണ്. ചിലർ ധ്യാനനിരതരായി ഇരിക്കുന്നു. അവർ പാപങ്ങൾ ഏറ്റുപറഞ്ഞു തങ്ങക്കു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും പ്രാർഥിക്കുന്നു. ലോകത്തിനുവേണ്ടി, സമാധാനത്തിനു വേണ്ടി, സൗഖ്യത്തിനു വേണ്ടി, നീതിക്കുവേണ്ടി, മധ്യസ്ഥത ചെയ്യുന്നു.
ചിലർ തിരുവചനം വായിക്കുന്നു, ചിലർ അത് ഏറ്റുപറയുന്നു. ചിലർ കൈയുയർത്തിനിൽക്കുന്നു. ചിലർ കൈകോർത്തു നിന്ന് പ്രാർഥിക്കുന്നു. ചിലർ സ്റ്റേജിനരുകിൽ മുട്ടിന്മേൽ നിൽക്കുന്നു. ചിലർ നെടുമ്പാട് വീണു കിടക്കുന്നു. ചിലർ കൂടി നിന്ന് ആത്മീയ കാര്യങ്ങൾ സംസാരിക്കുന്നു. അവരുടെ മുഖം സന്തോഷത്താൽ പ്രകാശിതമായിരിക്കുന്നു.
“ശാന്തമെങ്കിലും ശക്തമാണ് ആത്മസാനിധ്യം. ഉച്ചകഴിഞ്ഞു അവിടെനിന്നു പോരുമ്പോഴും ഭൂരിപക്ഷം പേരും പിരിഞ്ഞിട്ടില്ല. പിറ്റേദിവസം അതിരാവിലെയും അസാധാരണമായി ആളുകൂടുകയാണ്. വിദ്യാർഥികൾ അവരവരുടെ ഇതര ഇടപാടുകൾ വേഗത്തിൽ നിർവഹിച്ചു ഓടിയാണ് ചാപ്പലിൽ എത്തുന്നത്. വ്യാഴം വൈകിയപ്പോഴേക്കും നിൽക്കാനേ ഇടമുള്ളൂ.” തോമസ് എച്ച്. മക് കാൾ പറയുന്നു.
ഇതു കേട്ടറിഞ്ഞ് ഇതര യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർഥികൾ ഒഴുകി എത്തുകയാണ്. യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി, യൂണിവേഴ്സിറ്റി ഓഫ് കംബിർലാൻഡ്‌സ്, പ്രൂഡ് യൂണിവേഴ്സിറ്റി, ഇന്ത്യാന വെസ്‌ലിയൻ യൂണിവേഴ്സിറ്റി, ഒഹായോ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി, ട്രാൻസിൽവാനിലെ യൂണിവേഴ്സിറ്റി, മിഡ്‌വേ യൂണിവേഴ്സിറ്റി, ലീ യൂണിവേഴ്സിറ്റി, ജോര്ജടൗൺ കോളേജ്, മൗണ്ട് വെർമോൻ നാസറിന് യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലയിൽ നിന്നും വിദ്യാർഥികൾ ഇതിനോടകം ഇവിടെ എത്തിക്കഴിഞ്ഞു.
വെള്ളിയാഴ്ച ആയപ്പോഴേക്കും വരുന്നവർക്ക് നില്പാൻ സ്ഥലമില്ലാതായി. രാത്രിയിലും യോഗം തുടരുകയാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചിലും ഏഴുപതിലും രണ്ടായിരത്തി ആറിലും ഇവിടെ ആഴ്ചകൾ നീണ്ടുനിന്ന ക്‌ളാസ്സുകൾ മുടക്കിയുള്ള ഉണർവ് യോഗങ്ങൾ നടന്നിട്ടുണ്ട്. സമയം പോകുന്നത് ആർക്കും അനുഭവവേദ്യമാകുന്നില്ല എന്നതും ആരും ആരെയും ശുശ്രുഷിക്കാൻ ഇല്ല എന്നതുമാണ് ഇവിടുത്തെ പ്രത്യേകത. എല്ലാവരും പരിശുദ്ധാത്മാവിനെ അനുഭവിക്കുകയാണ്. പ്രത്യേകിച്ചു പാടിയോ വാദ്യോപകരണങ്ങൾ ഉപയോഗിച്ചോ ആത്മസാനിദ്ധ്യം ഉണ്ടാക്കാനവിടെ ആരുമില്ല.
വൈകാരിക തലമല്ലിവിടെ സ്പർശിക്കപ്പെടുന്നത്. ഒരു സമ്മർദ്ദവുമില്ല, ഒരു വെച്ചുകെട്ടുമില്ല. അവാച്യമായ ശാന്തത, സമാധാനം, സന്തോഷം, ഒരു വലിയ പ്രത്യാശ – ഇതൊക്കെയാണിവിടെ അനുഭവ വേദ്യമാകുന്നത്. പരിശുദ്ധാതമാവിന്റെ നിയന്ത്രണം എല്ലാവരും അനുഭവിക്കുന്നു, പക്ഷേ, ഉപരിപ്ലവമായിട്ടല്ല. ദൈവസ്നേഹത്തിന്റെ ഒരു അതിപ്രസരവും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഹൃദ്യമായ അനുഭവമാണിവിടെ. അതൊകൊണ്ടിവിടെനിന്നും ആർക്കും പിരിയാൻ തോന്നുന്നില്ല, പിരിയുന്നവർ എത്രയും വേഗം മടങ്ങി വരികയാണ്.
ഒരു ഉണർവിനായി പൂർവ വിദ്യാർഥികളായ ചിലരും നിലവിലെ ചില വിദ്യാർഥികളും ചില നാളുകളായി പ്രാർഥിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിരറ്റ സന്തോഷത്താൽ അവരവിടെയുണ്ട്.
തോമസ് എച്ച്. മക് കാളിൻ്റെ കൗമാരക്കാരനായ മകൻ ഉൾപ്പെടെ നാലുപേർ ഒരുമിച്ചു സ്റ്റേജിനടുത്തു പ്രാർഥിയ്ക്കാനിരുന്നു. അപ്പോൾ നാലുപേരും നാലുഭാഷയിലാണ് പ്രാർഥിച്ചത് . ആ ചെറുപ്പക്കാരൻ ചോദിച്ചു, “എന്തേ, ഇങ്ങനെയായിരിക്കുമോ സ്വർഗ്ഗത്തിലും.” മൂന്ന് ഓഡിറ്റോറിയങ്ങൾ നിറയെ ആളുകൾ ആരാധിക്കുന്നുണ്ടെന്ന് സന്നിഹിതരായിരുന്നവർ പറഞ്ഞു. 1970 ന് ശേഷം അസ്ബറിയിൽ നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ആരാധനാ യോഗമാണിതെന്നു റിപ്പോർട്ടുകൾ പറയുന്നു.
അപചയങ്ങൾക്കും വിവാദങ്ങൾക്കും അപ്പുറം ദൈവാത്മാവിൻ്റെ പ്രവർത്തികൾ ഇപ്പോഴും ജനത്തെ ഉണർത്തുന്നു.ഈ ആത്മീയ ഉണർവ് മറ്റിടങ്ങളിലും കത്തിപ്പടരട്ടെ.

Previous post VIDEO MESSAGES
Next post ബൈബിൾ ക്ലാസ്