ഐ.സി.പി.എഫ് ഓഫീസ് സ്റ്റാഫ് വാഹനാപകടത്തിൽ മരണമടഞ്ഞു

കുമ്പനാട് : ഐ.സി.പി.എഫ് മുട്ടുമൺ ഓഫീസിലെ സ്റ്റാഫ് ആറ്റുചാലിൽ അജി എ എസ്‌ (43) വാഹനാപകടത്തിൽ മരണമടഞ്ഞു. ഇന്നലെ (സെപ്റ്റംബർ 20) വൈകിട്ട് സ്കൂട്ടറിൽ സഞ്ചരിക്കവേ കുമ്പനാട് കവലയിൽവച്ചുണ്ടായ അപകടത്തെ തുടർന്നാണ് മരണം. കട്ടപ്പന സ്വദേശിയായ ഇദ്ദേഹം ദീർഘ വർഷങ്ങളായി ഐ.സി.പി.എഫ് ഓഫീസിലെ പബ്ലിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. അജിയും ഭാര്യ നിഷയുമായി സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ ഇരുവരെയും ഉടനെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അജിയുടെ ജീവൻ രക്ഷിക്കാനായില്ല.ഫെലോഷിപ്പ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം സെപ്റ്റംബർ 21 ബുധനാഴ്ച കുമ്പനാട് ഐ സി പി എഫ് ഓഫീസിലും, ടി.പി.എം സഭാഹാളിലും പൊതുദർശനത്തിനു ശേഷം സ്വദേശമായ കട്ടപ്പനയ്ക്ക് കൊണ്ടു പോകും.മക്കൾ: പ്രെയ്സൺ, പ്രെയ്സി, പ്രെയ്സൽ. കട്ടപ്പന ഇരട്ടയാർ ആറ്റുചാലിൽ അച്ചൻകുഞ്ഞ്–അന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Previous post മിഷനറി സമ്മേളനം
Next post ഡോ. സിജി മാത്യുവിന് ‘അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ’ അവാർഡ്